ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്ലൻഡ് പതാകയുള്ള ചരക്ക് കപ്പലിനും ആക്രമണം നേരിട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു.
യുഎസുമായും ഇസ്രയേലുമായും യുദ്ധ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കിയിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് തായ്ലൻഡ് നാവികസേന അറിയിച്ചു. കപ്പലിൽ 23 തായ് ജീവനക്കാരുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ശേഷിക്കുന്ന മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും തായ് അധികൃതർ അറിയിച്ചു. യുഎഇയിലെ ഒരു തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് ഇരയായ കപ്പലിന്റെ ചിത്രങ്ങളും തായ്ലൻഡ് നാവികസേന പുറത്തുവിട്ടിട്ടുണ്ട്. കപ്പലിൽ നിന്ന് പുക ഉയരുന്നതും കേടുപാടുകൾ സംഭവിച്ചതുമാണ് ചിത്രങ്ങളിൽ കാണുന്നത്. ഏകദേശം 178 മീറ്റർ നീളവും 30,000 ടൺ വരെ ഭാരം വഹിക്കാനുള്ള ശേഷിയുമുള്ള കപ്പലാണിതെന്ന് തായ് നാവികസേന അറിയിച്ചു.






