കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ‘ഫ്രഷ് കട്ട്’ അറവുമാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പ്ലാന്റ് ഉടമസ്ഥർ തയ്യാറാണെന്ന് അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്താനാണ് നീക്കം.
പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പ്ലാന്റ് മാറ്റാനുള്ള തീരുമാനമെന്നാണ് ഉടമസ്ഥരുടെ നിലപാട്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിലവിൽ പ്ലാന്റ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. അന്തിമ കോടതി വിധി വരുന്നതുവരെ പ്രവർത്തനം പുനരാരംഭിക്കില്ല.
ജനവാസ മേഖലയിൽ അറവുമാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസികൾ ഏറെ നാളായി സമരത്തിലായിരുന്നു. മാലിന്യം പുഴയിലേക്ക് ഒഴുക്കിയതായും പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും മറ്റ് പ്രശ്നങ്ങളും ഉണ്ടായതായും നാട്ടുകാർ ആരോപിച്ചിരുന്നു. ഇതോടെയാണ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമായത്.




