ചെന്നൈ: മധുരയിലെ തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഈ മാസം 24ന് ഒറ്റത്തവണ ദീപം തെളിക്കാനാണ് അനുമതി. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപിയും ഹൈന്ദവ സംഘടനകളും രംഗത്തെത്തി.
തിരുപ്പരൻകുന്ദ്രം മലയിൽ പതിറ്റാണ്ടുകളായി കാർത്തിക ദീപം തെളിച്ചുവരുന്നത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിലാണ്. ഇതിനൊപ്പം സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിലും ദീപം തെളിക്കാൻ അനുമതി വേണമെന്നായിരുന്നു ഹൈന്ദവ സംഘടനകളുടെ ആവശ്യം. ഇതിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിനെ ദീപത്തൂണായി കണക്കാക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കിൽ രാജ്യത്തെ ആയിരക്കണക്കിന് സർവേ കല്ലുകൾക്കും മതപരമായ പരിവേഷം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവ് സാങ്കേതികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി, ഈ മാസം 24ന് കാർത്തിക ദീപത്തിന്റെ ഭാഗമായി ദർഗയ്ക്ക് സമീപത്തെ കൽത്തൂണിൽ വിളക്ക് തെളിക്കാമെന്ന് ഉത്തരവിടുകയായിരുന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, പൊലീസ് കമ്മീഷണർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ എന്നിവരുമായി ആലോചിച്ച് ജില്ലാ കളക്ടർ തിരഞ്ഞെടുക്കുന്ന ചെറിയ സംഘത്തിന് മാത്രമേ കൽത്തൂണിന് സമീപം പോകാൻ അനുമതിയുള്ളൂ. ആവശ്യമെങ്കിൽ സി.ആർ.പി.എഫിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കരുതെന്നും മുദ്രാവാക്യം വിളികളോ ഘോഷയാത്രകളോ പാടില്ലെന്നും കോടതി നിർദേശിച്ചു. പുതിയ നിർമാണപ്രവർത്തനങ്ങൾക്ക് ശ്രമിക്കരുത്. ദർഗയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് തടസ്സമുണ്ടാക്കാനും പാടില്ല. ദീപം തെളിക്കാനുള്ള അനുമതി കേസിലെ അന്തിമതീർപ്പല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് ജനുവരിയിൽ വീണ്ടും പരിഗണിക്കും.
അതേസമയം, ഉത്തരവിനെ സ്വാഗതം ചെയ്ത് ക്ഷേത്രത്തിന് മുന്നിൽ മധുരവിതരണം ഉൾപ്പെടെയുള്ള ആഘോഷങ്ങളുമായി ബിജെപിയും ഹൈന്ദവ സംഘടനകളും രംഗത്തെത്തി. തിരുപ്പരൻകുന്ദ്രത്തെ തമിഴ്നാട്ടിലെ അയോധ്യയാക്കാൻ അനുവദിക്കില്ലെന്ന ഡി.എം.കെ സർക്കാരിന്റെ നിലപാടിന് സമാനമായ വാദങ്ങളാണ് വിജയ് സർക്കാരും സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഉത്തരവ് നടപ്പാക്കി ചൊവ്വാഴ്ച തന്നെ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോട് സുപ്രീം കോടതി നിർദേശിച്ചതും സംസ്ഥാന സർക്കാരിന് തിരിച്ചടിയായി.




