ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഇതുസംബന്ധിച്ച് ഇന്ത്യക്ക് 4 കത്തുകള്‍ പാക്കിസ്ഥാന്‍ അയച്ചുവെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒന്നിനുപുറകെ ഒന്നായാണ് കത്തുകള്‍ ഇന്ത്യക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നദീജല കരാര്‍ റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്‍ കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുകയാണെന്നാണ് നിഗമനം. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കത്തയച്ചത്.
പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസയാണ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തയച്ചെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിനും ഇതുസംബന്ധിച്ച കത്തുകള്‍ അയക്കുകയായിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ നിര്‍ത്തിവയ്ക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ, തന്ത്രപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഇന്ത്യയുടെ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി ആണ് സിന്ധുനദീജല കരാര്‍ റദ്ദാക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
പാക്കിസ്ഥാനിലെ ഭൂരിഭാഗംപേരും ഉപജീവനത്തിനായി സിന്ധു നദിയെയാണ് ആശ്രയിക്കുന്നതെന്നാണ് നിഗമനം. വിളകളുടെ 90 ശതമാനവും ആശ്രയിക്കുന്നത് സിന്ധുനദിയിലെ വെള്ളത്തെയാണ്. സിന്ധു, ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നീ ആറ് നദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് 1960ല്‍ സിന്ധുനദീജല കരാര്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയും പാക്കിസ്ഥാനും ചേര്‍ന്ന് ഒപ്പിട്ടത്.






