ന്യൂഡൽഹി: രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനു ശേഷം ദേശീയ വനിത കമീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കവെ ദേശീയ വനിത കമീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കറെയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു.
മഹാരാഷ്ട്ര വനിത കമീഷൻ അധ്യക്ഷയായിരുന്നു വിജയ. ബി.ജെ.പിയുടെ മഹിള മോർച്ചയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1990ലെ ദേശീയ വനിത കമീഷൻ നിയമപ്രകാരം മൂന്നുവർഷം/65 വയസ് ആണ് വനിത കമീഷൻ അധ്യക്ഷയുടെ കാലയളവ്. ഇതോടൊപ്പം ദേശീയ വനിത കമീഷൻ അംഗങ്ങളെയും കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. ഡോ. അർച്ചന മജുംദാറിനെ വനിത കമീഷൻ അംഗമായി നാമനിർദേശം ചെയ്തു. മൂന്നുവർഷമാണ് കാലാവധി.
ആഗസ്റ്റ് ആറിനാണ് രേഖ ശർമയുടെ കാലാവധി അവസാനിച്ചത്. 2015ൽ കമീഷൻ അംഗമായാണ് രേഖ ശർമ വനിത കമീഷനിലെത്തിയത്. 2017 സെപ്റ്റംബർ 29ന് അവർക്ക് അധ്യക്ഷയുടെ അധിക ചുമതല നൽകി. 2018ൽ ദേശീയ വനിത കമീഷൻ അംഗമായി നിയമിക്കുകയും ചെയ്തു.




