പാലക്കാട്: വടക്കഞ്ചേരിഅര നൂറ്റാണ്ട് കാലം വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രചാരണതന്ത്രങ്ങളുടെ ചാണക്യനായിരുന്ന 77 കാരനായ എം.എസ്. അബ്ദുൾ ഖുദുസെന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഖുദുസണ്ണൻ രാഷ്ട്രീയനിരീക്ഷണവും വിലയിരുത്തലുകളുമായി ഈ തിരഞ്ഞെടുപ്പിലും സജീവമാണ്. പ്രായത്തിന്റെ അവശതകൾ ഉള്ളതിനാൽ ഇത്തവണ ഖുദൂസിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണൽകേന്ദ്രത്തിനു പുറത്താണ്.
അഞ്ചു പതിറ്റാണ്ടിലേറെക്കാലം ലോക്സഭ, നിയമസഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ കൗണ്ടിംഗ് ഏജന്റായി എഴുപത്തിയേഴുകാരനായ അബ്ദുൾ ഖുദുസ് പ്രവർത്തിച്ചിട്ടുണ്ട്. ഇതുതന്നെ അപൂർവ റെക്കോർഡാണെന്നു പാർട്ടി പ്രവർത്തകരും പറയുന്നു. 1967ൽ മന്ത്രി കെ. ശങ്കരനാരായണന്റെ കൗണ്ടിംഗ് ഏജന്റായിട്ടായിരുന്നു തുടക്കം. പിന്നെ വോട്ടെണൽ കേന്ദ്രത്തിൽ ജയപരാജയങ്ങൾ ഖുദുസണ്ണൻ ഏറെ അടുത്തു കണ്ടു.
വടക്കഞ്ചേരി ടൗണിൽ ടിബി റോഡിലുള്ള തൻ്റെ കടയിൽ വിശ്രമത്തിലാ ണ് കോൺഗ്രസിലെ ഈസീനിയർ നേതാവ്. പ്രായത്തിന്റെ അവശതകളുമുണ്ട്. എങ്കിലും തന്നെ കാണാനെത്തുന്ന യുവ കോൺഗ്രസ് നേതാക്കൾക്കും സ്ഥാനാർഥികൾക്കും അനുഗ്രഹവും അശീർവാദവും നൽകുന്നതിനൊപ്പം ഓരോ വാർഡിന്റെയും സ്പന്ദനങ്ങൾ വരെ കണക്കുകൂട്ടി വേണ്ട ഉപദേശങ്ങൾ നൽകുന്നുണ്ട്. സ്ഥാനാർഥി ചർച്ചകളിലും പ്രചാരണതന്ത്രങ്ങളുടെ ആലോചനകളിലും ഖുദുസണ്ണന്റെ സാന്നിധ്യം ഒഴിവാക്കാനാകാത്തതാണ്.
എ കെ ജി, ഈ എം എസ്, ഒ രാജഗോപാൽ തുടങ്ങിയ ഇതര പാർട്ടി നേതാക്കളുമയും വ്യക്തി ബന്ധം സ്ഥാപിച്ച ഖുദുസ് എ കെ ആന്റണി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൻ്റെ പാലക്കാട് ബ്ലോക്ക് പ്രസിഡന്റായിരുന്നു. എ.കെ. ആൻ്റണിയുമായി ഇന്നും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് ഖുദുസണ്ണൻ, ആൻ്റണി പേരെടുത്ത് വിളിക്കുന്ന നേതാക്കളിലൊരാൾ.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ന്യൂനപക്ഷ സെൽ ജില്ലാ കൺവീനർ, വടക്കഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ എംഎസ് പ്രവർത്തിച്ചിട്ടുണ്ട്. കാലണ മെമ്പർ ഷിപ്പിൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന ഖുദുസ് വിമോചനസമര കാലത്ത് ജയിൽവാസവും അനുഭവിച്ചു. 2005ൽ ബ്ലോക്ക് പഞ്ചായത്ത് കിഴക്കഞ്ചേരി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായും എംഎസ് ഖുദൂസ് മത്സരിച്ചിരുന്നു.
ചുവപ്പുകോട്ടയായ ആലത്തൂരിൽ ഇഎംഎസ് രണ്ടായിരത്തിൽ താഴെ വോട്ടിനു വിജയിച്ച മത്സരം ഓർമയിൽനിന്നും മായുന്നില്ല.ലീഡുകൾ മാറിമറിഞ്ഞപ്പോൾ കൗണ്ടിംഗ് ടേബിളിൽ തർക്കങ്ങൾ മൂത്തു. മഷി തെളിയാത്തതും മഷി കൂടിയതുമായ ബാലറ്റ് പേപ്പറുകൾ ഡൗട്ട്ഫുൾ പെട്ടിയിൽ സൂക്ഷിച്ച് കൗണ്ടിംഗ് ഏജൻറുമാർ പരസ്‌പരം കലഹിക്കുമ്പോൾ ഓരോ വോട്ടിൻ്റെ മൂല്യവും വിലയും അറിയുന്ന നിമിഷങ്ങളുമായിരുന്നു അതെല്ലാമെന്ന് ഖുദൂസ് ഓർമിക്കുന്നു. ഒരായുസ് മുഴുവൻ കോൺഗസ് പാർട്ടിക്കായി മാറ്റിവച്ച എം.എസ്. അബ്ദുൾ ഖുദുസെന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഖുദുസണ്ണൻ മൂന്നര പതിറ്റാണ്ട് കാലം മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു.






