കോട്ടയം: കോണത്താറ്റു പാലത്തിന്റെ പ്രവേശനപാതയിൽ സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരന്റെ കാൽ ഒടിഞ്ഞു. നിർമ്മാണം പുരോഗമിക്കുന്ന കോണത്താറ്റു പാലത്തിന്റെ പ്രവേശനപാത യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. പാലത്തിന്റെ കിഴക്കുവശത്തെ പ്രവേശനപാതയിൽ ഇളകിക്കിടക്കുന്ന മെറ്റലിലും കല്ലിലും തെന്നി സ്‌കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരന്റെ കാൽ ഒടിഞ്ഞു. കരിയിൽ സ്വദേശി ശിവൻകുട്ടി (50)ക്കാണ് പരുക്കേറ്റത്. പാമ്പാടിയിൽ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം.
പരുക്കേറ്റ ശിവൻകുട്ടിയെ ഉടൻതന്നെ കുമരകം എസ്.എച്ച്.എം.സി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെ ഇതേ സ്ഥലത്ത് വെച്ച് മറ്റൊരു സ്കൂട്ടറും നിയന്ത്രണം വിട്ടു മറിഞ്ഞെങ്കിലും, സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രവേശനപാതയിൽ ചിതറിക്കിടക്കുന്ന മെറ്റലുകളാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നത്. ഇന്ന് രാവിലെ ബോട്ടുജെട്ടി ഭാഗത്തുണ്ടായ മറ്റൊരു വാഹന അപകടത്തിലും ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു.






