മലപ്പുറം: താനൂരിൽ നിന്ന് കാണാതായി പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. പൊലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടികളെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. ഗരിബ് എക്സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിംഗിന് ശേഷം ഇരുവരെയും വീട്ടുകാര്‍ക്ക് വിട്ട് നല്‍കും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കും. കുട്ടികൾക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്കൂളിൽ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. തുടർന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയായി ഇന്ന് ഉച്ചയ്ക്ക് നാട്ടിലേക്ക് എത്തുകയായിരുന്നു.






