കോഴിക്കോട്: മുള്ളൻപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ തൂണേരി ബാലവാടി സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രജിലേഷും ഭാര്യ സൗമ്യയും രണ്ടു മക്കളും ഓട്ടോയിൽ മടങ്ങിവരുന്നതിനിടെയാണ് മുള്ളൻപന്നി കുറുകെ ചാടിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന മുള്ളൻപന്നിയുടെ ദേഹത്ത് ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
റോഡിൽ തലയിടിച്ചാണ് രജിലേഷ് പുറത്തേക്ക് വീണത്. ഉടൻ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലിൽ പരിക്കേറ്റ ഭാര്യ സൗമ്യ ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.






