പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ 4 ചക്ര ഓട്ടോറിക്ഷകളിൽ നിന്ന് ടോൾ പിരിക്കുന്നതിനെതിരെ സുലൈമാന്റെ ഒറ്റയാൾ സമരം തുടരുന്നു. വടക്കഞ്ചേരി കമ്മാന്തറ സ്വദേശിയായ സുലൈമാൻ കാസിം കഴിഞ്ഞ 6 വർഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്.
കഴിഞ്ഞ ഏപ്രിൽ 7 ന് വടക്കഞ്ചേരിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നാലു ചക്ര ഓട്ടോ ടാക്സികൾക്ക് ടോൾ നൽകാതെ യാത്ര ചെയ്യാമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ 3 ദിവസം മാത്രമാണ് സൗജന്യം അനുവദിച്ചത്. പിന്നീട് ടോൾ നൽകാത്ത 4 ചക്ര ഓട്ടോറിക്ഷകൾ തടഞ്ഞിട്ടു. സുലൈമാൻ ഓട്ടോ ടോൾ പ്ലാസയിലിട്ട് സമരം നടത്തിയതോടെ എടുത്ത പണം ടോൾ അധികൃതർ തിരികെ കൊടുത്തു. എന്നാൽ പിന്നീട് ടോൾ പിരിക്കാൻ തുടങ്ങി. ദേശീയപാത അതോറിറ്റി, എംപി, എംഎൽഎ, ജില്ലാ കലക്ടർ, എഡിഎം, ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർക്ക് പരാതി നൽകിയെങ്കിലും ആരും തൊഴിലാളികൾക്കൊപ്പം നിന്നില്ല.
ഇതോടെയാണ് സുലൈമാൻ തന്റെ വാഹനത്തിനു പിന്നിൽ ടോൾ കൊള്ളക്കെതിരെ വലിയ ബാനർ വലിച്ചുകെട്ടി യാത്ര ആരംഭിച്ചത്. അന്നു മുതൽ ടോൾ കേന്ദ്രം വഴി പോകുന്നതും ഉപേക്ഷിച്ചു. ആശുപത്രി ആവശ്യങ്ങൾക്കാണ് സ്ഥിരമായി വാഹനം വിളിക്കുന്നതെന്നും ടോൾ വഴി പോകാൻ സാധിക്കുന്നില്ലെന്നും സുലൈമാൻ പറഞ്ഞു. ഓട്ടോറിക്ഷകളുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തി നാലുചക്ര ഓട്ടോ ടാക്സികൾക്ക് ടോൾ നൽകാതെ യാത്ര ചെയ്യാമെന്ന് കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം എടുത്തത് ടോൾ കമ്പനി അട്ടിമറിക്കുകയായിരുന്നു എന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്.
പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയ 2022 മാർച്ച് മുതൽ ഒരു വർഷം 4 ചക്ര ഓട്ടോറിക്ഷകളിൽ നിന്ന് ടോൾ ഈടാക്കിയിരുന്നില്ല. പിന്നീട് മുന്നറിയിപ്പില്ലാതെ പണം പിരിച്ച് തുടങ്ങി. പാലിയേക്കരയിൽ പ്രദേശവാസികൾക്ക് സൗജന്യം നൽകുമ്പോഴാണ് പന്നിയങ്കരയിലെ ഇരട്ടത്താപ്പ്. സൗജന്യം അനുവദിക്കും വരെ സമരം തുടരുമെന്ന് സുലൈമാൻ പറഞ്ഞു.






