പത്തനംതിട്ട : ഈ വർഷത്തെ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിനായ് ശബരിമലയിൽ നട തുറന്നതോടെ ഭക്തജനങ്ങൾ മുൻകാലങ്ങളിലേത് പോലെ ദുരിതത്തിലായി.
ശബരിമലയിൽ ദേവസ്വം ബോർഡിന്റെയും, സർക്കാരിന്റെയും പിടിപ്പുകേടും അനാസ്ഥയും തുടരുന്നതിനാൽ ഭക്തർ ഏറെ പ്രതിസന്ധിയിലാകുന്ന കാഴ്ച്ചകളാണ് പുറത്തു വരുന്നത്. അയ്യപ്പ ഭക്തർക്ക് ആവശ്യത്തിന് കുടിവെള്ള സൗകര്യങ്ങളോ, ഭക്ഷണമോ ലഭിക്കുന്നില്ല എന്നതോടൊപ്പം തന്നെ എങ്ങും മണിക്കുറുകളോളം നീണ്ട നിരയും ഭക്തരെ അലട്ടുന്നു.
വൃത്തിയുള്ളതും, ആവശ്യത്തിന് ഉതകുന്നതുമായ ശൗചാലയങ്ങളുടെ അഭാവവും അയ്യപ്പ ഭക്തരെ കുഴക്കുന്നു. കഴിഞ്ഞ ദിവസം നട തുറന്നപ്പോൾ ശരംകുത്തിയാലിലും പരിസര പ്രദേശങ്ങളിലും വൈദ്യുത വിളക്കുകൾ തെളിയാത്തതും കൂരിരുട്ടിൽ മല കയറേണ്ടി വന്നതും ഭക്തരെ ദുരിതത്തിലാഴ്ത്തി.
അയ്യപ്പ ഭക്തർക്ക് വിരി വെക്കാൻ വേണ്ട വിധത്തിലുള്ള സൗകര്യങ്ങൾ ഒരുക്കാത്തതും, അനിയന്ത്രിതമായ തിക്കും തിരക്കും, സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ശബരിമലയോടുള്ള മാറാത്ത മനോഭാവത്തിന്റെ ദൃഷ്ടാന്തമാകുന്നു.









