കോട്ടയം: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. മുൻ കോൺഗ്രസ് നേതാവ് എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നതാണ് ശ്രദ്ധേയം.
കോൺഗ്രസ് പ്രവർത്തകനായിരുന്ന ജിം അലക്‌സാണ് ഇക്കുറി കേരള കോൺഗ്രസ് (എം) വഴി എൽ.ഡി.എഫ്. സ്ഥാനാർഥിയായി ജനവിധി തേടുന്നത് മറുഭാഗത്ത്, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ജില്ലാ പ്രസിഡന്റായ ജെയ്‌സൺ ജോസഫാണ് യു.ഡി.എഫ്. സ്ഥാനാർഥി.
2015-ലെ തിരഞ്ഞെടുപ്പിൽ ഇതേ ഡിവിഷൻ കേരള കോൺഗ്രസ് (എം)-ന് നൽകിയതിൽ പ്രതിഷേധിച്ച് ജിം അലക്‌സ് യു.ഡി.എഫ്. റിബലായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് (എം)-ൽ ചേർന്നാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ നീക്കം. മുൻ വിമതൻ ഇപ്പോൾ എൽ.ഡി.എഫ്. പാളയത്തിൽ എത്തിയതും, യു.ഡി.എഫ്. ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയതും മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ചൂടേകിയിരിക്കുകയാണ്.
ജിം അലക്‌സിന്റെ സ്ഥാനാർഥിത്വം ഡിവിഷനിലെ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കുമോ എന്ന ആകാംഷയിലാണ് യു.ഡി.എഫ്. നേതൃത്വം.






