പാലക്കാട് : വാശിയേറിയ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ, ചൊവ്വാഴ്ച പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം. വൈകീട്ട് ആറുവരെയാണ് പരസ്യപ്രചാരണത്തിന് സമയം അനുവദിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്.
വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും കൊട്ടിക്കലാശത്തിന് സർവസന്നാഹങ്ങളുമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തുകളിലും ആഴ്ചകളായി രാപകൽ വ്യത്യാസമില്ലാതെ വീടുകൾ കയറിയിറങ്ങി സ്ഥാനാർഥികളും പ്രവർത്തകരും ഉണ്ടാക്കിയെടുത്ത കൂട്ടായ്മകളുടെ അവസാനഘട്ട ശക്തിപ്രകടനമാവും കൊട്ടിക്കലാശം.
ഗ്രാമപ്പഞ്ചായത്ത് വാർഡുകളും നഗരസഭ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് മുന്നണികൾ കൊട്ടിക്കലാശത്തിനു കോപ്പുകൂട്ടുന്നത്. ഓരോയിടത്തും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അവസാനവട്ട പ്രചാരണത്തിന് മുന്നണികൾക്ക് വെവ്വേറെ സ്ഥലം അനുവദിച്ചിട്ടുണ്ട്. സംഘർഷസാധ്യതയുള്ള ഇടങ്ങളിൽ പോലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് അധികൃതർ പറഞ്ഞു.
ത്രികോണമത്സരം നടക്കുന്ന ജില്ലാ ആസ്ഥാനമായ പാലക്കാട് നഗരസഭയിൽ സുൽത്താൻപേട്ട സിഗ്നൽ ജങ്ഷന് അഭിമുഖമായാണ് കൊട്ടിക്കലാശം. ജങ്ഷനിലേക്കെത്തുന്ന വിവിധ റോഡുകളിലാണ് വൈകീട്ട് അഞ്ചോടെ മുന്നണിപ്രവർത്തകരും സ്ഥാനാർഥികളും അണിനിരക്കുക.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മുന്നണികൾക്ക് അവസാനവട്ട പ്രചാരണത്തിനായി സുൽത്താൻപേട്ടയിലേക്കുള്ള റോഡുകൾ അനുവദിച്ചിട്ടുണ്ട്. പ്രവർത്തകർ കടന്നുപോകുന്ന വഴികളിലും സുൽത്താൻപേട്ട ജങ്ഷനിലും ഉച്ചതിരിഞ്ഞ് ഗതാഗതനിയന്ത്രണമുണ്ടാകും.
എൻഡിഎ വടക്കന്തറയിൽനിന്ന്ന ഗരസഭയിലെ എൻഡിഎ സ്ഥാനാർഥികളുടെ കൊട്ടിക്കലാശത്തിനായി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വടക്കന്തറ മൈതാനത്തുനിന്ന് പ്രകടനം ആരംഭിക്കും. ബിജെപി, ബിഡിജെഎസ് ജില്ലാ നേതാക്കളും സ്ഥാനാർഥികളും അണിനിരക്കുന്ന പ്രകടനം മാർക്കറ്റ് റോഡ്, ഓവർ ബ്രിഡ്ജ്, ജിബി റോഡ് വഴി സഞ്ചരിച്ച് സുൽത്താൻപേട്ടയിൽ സമാപിക്കും.
യുഡിഎഫ് അഞ്ചുവിളക്ക് പരിസരത്തുനിന്ന് കോട്ടമൈതാനത്തിനു സമീപം അഞ്ചുവിളക്കു പരിസരത്തുനിന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെ യുഡിഎഫ് പ്രകടനം ആരംഭിക്കും. ജില്ലാ ആശുപത്രി, കോർട്ട് റോഡ് വഴി സുൽത്താൻപേട്ട ജങ്ഷനിലേക്കാണ് പ്രകടനമെത്തുക. കോൺഗ്രസിന്റെയും മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളുടെയും നേതാക്കളും സ്ഥാനാർഥികളും പ്രകടനത്തിൽ അണിനിരക്കും.
എൽഡിഎഫ് ഗവ. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ഗവ. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ചൊവ്വാഴ്ച മൂന്നുമണിയോടെ എൽഡിഎഫ് പ്രകടനത്തിന് തുടക്കമാവും. സ്ഥാനാർഥികൾക്കൊപ്പം ജില്ലയിലെ സിപിഎം, സിപിഐ അടക്കമുള്ള ഘടകകക്ഷിനേതാക്കളും പ്രവർത്തകരും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. കോളേജ് റോഡ്, ഹെഡ് പോസ്റ്റോഫീസ് റോഡ് വഴി പ്രകടനം സുൽത്താൻപേട്ട സിഗ്നൽ ജങ്ഷനു സമീപം സമാപിക്കും.










