തിരുവനതപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതേ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് തുടരുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായും അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചു.






