പഞ്ചാബ് : തങ്ങളുടെ ശക്തി ഭീകരർക്ക് മാത്രമല്ല അവരെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ സൈന്യത്തിനും മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ വ്യോമസേനയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദി ഈക്കാര്യം പറഞ്ഞത് . ഭീകരർക്ക് ഇരുന്ന് സമാധാനത്തോടെ ശ്വസിക്കാൻ കഴിയുന്ന ഒരു സ്ഥലവും പാകിസ്ഥാനിൽ അവശേഷിക്കുന്നില്ലെന്ന് പാകിസ്ഥാൻ സൈന്യത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സായുധ സേനയെ പ്രശംസിച്ചു.
“ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ‘ലക്ഷ്മണ രേഖ’ ഇപ്പോൾ വളരെ വ്യക്തമാണ്. ഇപ്പോൾ മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ, ഇന്ത്യ മറുപടി നൽകും – ശക്തമായ മറുപടി. ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പുതിയ സാധാരണ രീതിയാണ്,” മോദി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂരിന്റെ ഓരോ നിമിഷവും ഇന്ത്യൻ സായുധ സേനയുടെ കഴിവിന് സാക്ഷ്യം വഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളെയും പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സായുധ സേനയുടെ കഴിവിന്റെ ശക്തമായ ഒരു സ്വത്വമായി മാറിയിരിക്കുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു.






