കോട്ടയം: ‘സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കർഷകർ’ എന്ന ആപ്തവാക്യവുമായി മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ നടക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോൺ, ഇൻഫാം, വിവിധ ഭക്തസംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 27-ന് രാവിലെ പ്രദർശനങ്ങൾ ആരംഭിക്കുമെന്നും വൈകുന്നേരം നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന മേളയിൽ കാർഷിക പ്രദർശനം, ഫ്‌ളവർ ഷോ, ഭക്ഷ്യമേള, പുരാവസ്തു-നാണയ പ്രദർശനം, റോബോട്ടിക് പ്രദർശനം എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും. 2000 കിലോ തൂക്കമുള്ള ‘കമാന്റോ’ എന്ന പോത്തിന്റെ പ്രദർശനം, കുതിരസവാരി, ഒട്ടകസവാരി എന്നിവ സന്ദർശകർക്ക് വേറിട്ട അനുഭവം നൽകും. കർഷകർക്കും വിദ്യാർത്ഥികൾക്കും കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടാൻ മേള അവസരമൊരുക്കും. കുട്ടികൾക്കായുള്ള വിനോദ-വിജ്ഞാന പരിപാടികളും എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാസന്ധ്യകളും അരങ്ങേറും.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സോണൽ ഡയറക്ടർ റവ. ഫാ. അഖിൽ കുഴിമുള്ളിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ മേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. വാർത്താസമ്മേളനത്തിൽ രാമപുരം ഫൊറോനാപ്പള്ളി വികാരി റവ. ഫാ. ബർക്ക്മാൻസ് കുന്നുംപുറം, റവ. ഫാ. അഖിൽ കുഴിമുള്ളിൽ, ബിനു മാണിമംഗലം എന്നിവർ പങ്കെടുത്തു. കുടുംബസമേതം ആസ്വദിക്കാവുന്ന ഈ സമഗ്ര മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സ്റ്റാൾ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി 80754 75164 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.




