ഇക്കൊല്ലം രാജ്യത്ത് ക്രൈസ്തവർക്കെതിരേ ജൂൺ വരെ നടന്നത് 378 അതിക്രമസംഭവങ്ങൾ. 2024-ൽ 834 സംഭവങ്ങളും
2023-ൽ 734 സംഭവങ്ങളും ഉണ്ടായി. ഓരോ വർഷവും കണക്കുകൾ കൂടിവരികയാണെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ഈ വർഷത്തെ 378 സംഭവങ്ങളിൽ 17 എഫ്‌ഐആറേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും ഇവർ പറയുന്നു. സ്ത്രീകൾക്കെതിരേ-15, ദളിതർക്കെതിരേ-13, ഗോത്രവിഭാഗങ്ങൾക്കെതിരേ-12 എന്നിങ്ങനെയാണ് കണക്ക്. ശാരീരിക ആക്രമണം-11, ഭീഷണി, അധിക്ഷേപം-62, വസ്തുവകകൾക്കു നാശം-ഒൻപത്, മതചടങ്ങുകൾക്കായി സംഘടിക്കുന്നതുതടസ്സപ്പെടുത്തൽ-49, ജനക്കൂട്ട ആക്രമണം-247 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവുമധികം കേസ് ഛത്തീസ്ഗഢിലാണ്-82. തൊട്ടുപിന്നിൽ ഉത്തർപ്രദേശ്-73. കർണാടക -32, രാജസ്ഥാൻ-25, മധ്യപ്രദേശ്-24, ബിഹാർ-22, ഝാർഖണ്ഡ്-21 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ.
മണിപ്പുർ ഒഴികെയാണിത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്ന് സംഘടനയുടെ ഹെൽപ്പ്‌ലൈൻ നമ്പരിലേക്കു വരുന്ന വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. പ്രാദേശികമായി പോലീസിൽ റിപ്പോർട്ട് ചെയ്തതും ചെയ്യാത്തതുമുണ്ടാകും. 2020-ൽ 279, 2021-ൽ 505, 2022-ൽ 601 എന്നിങ്ങനെയാണ് അക്രമങ്ങൾ. ഇക്കാലയളവിൽ കേരളത്തിൽ ഒരുസംഭവംപോലും റിപ്പോർട്ടു ചെയ്തിട്ടില്ല.






