ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശിക്ഷാവിധി തടയണമെന്നും മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആൻ്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യവുമായി ഹൈക്കോടതിയെയും അദ്ദേഹം സമീപിച്ചിരുന്നു.
ഹൈക്കോടതി ആവശ്യം തള്ളിയതിനെ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന അപേക്ഷ തള്ളിയതോടെ ആൻ്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു.
തൊണ്ടിമുതൽ കേസിൽ രണ്ടാം പ്രതിയായ ആൻ്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മൂന്ന് വർഷം തടവുശിക്ഷ നിലനിൽക്കുന്നതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത നേരിട്ടിരുന്നു.




