എറണാകുളം: തോക്ക് ചൂണ്ടി വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേരെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. എടത്തല മുരിങ്ങാശേരി സ്വദേശികളായ യൂസഫ് (50), ഷഫീഖ് (45), വിജുകുമാർ (46) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് ചുണങ്ങംവേലിയിലെ ബാറിലായിരുന്നു സംഭവം. മദ്യം വാങ്ങി നൽകിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞ് സൗത്ത് എഴിപ്രം സ്വദേശിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. യൂസഫും ഷഫീഖും ബാറിൽവെച്ചാണ് ഭീഷണിപ്പെടുത്തിയത്. ഇവർക്ക് തോക്ക് എത്തിച്ചുനൽകിയത് വിജുകുമാറാണെന്ന് പൊലീസ് കണ്ടെത്തി.
യൂസഫിന്റെ കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്ന് വടിവാൾ കണ്ടെത്തി. കൊച്ചിൻ ബാങ്ക് പരിസരത്തെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും പെല്ലറ്റുകളും പൊലീസ് പിടിച്ചെടുത്തു.
യൂസഫിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകളും ഷഫീഖിനെതിരെ ആറ് കേസുകളും വിജുകുമാറിനെതിരെ മൂന്ന് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.ഐമാരായ എസ്.എസ്. ശ്രീലാൽ, ഒ.എം. സെയ്തു, എ. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ കെ.ബി. സജീവ് ഉൾപ്പെടെയുള്ള പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


