ലഖ്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ കണ്ടെത്തി. കണ്ടെത്തിയ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പെൺകുട്ടിയെയും മറ്റൊരു പ്രതിയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഭദോഹി ജില്ലയിലാണ് സംഭവം.
ഒക്ടോബർ 21-ന് രാവിലെയാണ് ഗോപിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഗ്രാമങ്ങളിൽനിന്ന് 14, 15, 16 വയസ്സുള്ള മൂന്ന് പെൺകുട്ടികളെ കാണാതായത്. സൈക്കിളിൽ സ്കൂളിലേക്ക് പോയ പെൺകുട്ടികൾ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ സ്കൂളിന് സമീപത്തുനിന്ന് ഇവരുടെ സൈക്കിളുകൾ കണ്ടെത്തി. അന്വേഷണത്തിനിടെ മൂന്ന് യുവാക്കൾക്കൊപ്പം പെൺകുട്ടികളെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു.
തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പിടിയിലായത്. 14 വയസ്സുകാരിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 22-നും 24-നും ഇടയിൽ പ്രായമുള്ള രണ്ടുപേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
വെള്ളിയാഴ്ചയാണ് 14, 15 വയസ്സുള്ള പെൺകുട്ടികളെ കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ ഇരുവരും ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചതോടെ ഭാരതീയ ന്യായ സംഹിതയിലെ 64(1) വകുപ്പ്, പോക്സോ നിയമം എന്നിവയും കേസിൽ ഉൾപ്പെടുത്തി. കണ്ടെത്തിയ പെൺകുട്ടികളുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാണാതായ മൂന്നാമത്തെ പെൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


