കർണാടക: ഉത്തര കന്നട ജില്ലയിലെ മുണ്ട്ഗോഡ് തിബത്തൻ കോളനിയിൽ നിന്നുള്ള സന്യാസി താഷി ധോണ്ടുപ് (39) ധാർവാഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ധാർവാഡ് നഗരപരിസരത്തെ പാതയോരത്ത് മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
മൃതദേഹത്തിൽ മുഖഭാഗത്ത് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ആദ്യം സംഭവത്തെ വാഹനാപകടമെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
തലേന്ന് രാത്രി മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതികളെ കണ്ടെത്താനും കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കാനും അന്വേഷണം ഊർജിതമാക്കി.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രദേശവാസികളിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്യുന്നതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മുണ്ട്ഗോഡ് തിബത്തൻ കോളനി സമാധാനപരമായ ജീവിതശൈലിക്ക് പേരുകേട്ട പ്രദേശമാണ്. 1966ൽ സ്ഥാപിതമായ ഇവിടെ ആയിരക്കണക്കിന് തിബത്തൻ അഭയാർത്ഥികൾ താമസിക്കുന്നു. സന്യാസിയുടെ കൊലപാതകം പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്.






