എറണാകുളം: നടൻ ടിനി ടോമിനെതിരെ നടി നീന കുറുപ്പ് ‘അമ്മ’ സംഘടനയിൽ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. നടി അൻസിബ ഹസ്സൻ മാധ്യമങ്ങൾക്കു മുന്നിൽ ആരോപണം ഉന്നയിക്കുന്നതിന് മുമ്പാണ് പരാതി നൽകിയത്.
മെയ് 12ന് നൽകിയ പരാതിയിൽ, ടിനി ടോമിന്റെ ആവർത്തിച്ചുള്ള അസഭ്യപരവും അംഗീകരിക്കാനാകാത്തതുമായ പെരുമാറ്റം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘അമ്മ’ കുടുംബ സംഗമത്തിന്റെ പരിശീലനത്തിനിടെ ടിനി ടോം പരസ്യമായി അപമാനിച്ചെന്നും അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും നീന കുറുപ്പ് ആരോപിച്ചു. ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറ്റമെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നീന കുറുപ്പ് ആരോപിച്ചു. കുടുംബാംഗങ്ങളേയും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, തനിക്കെതിരെ വ്യക്തിഹത്യ നടക്കുകയാണെന്നും മതതീവ്രവാദിയെന്ന് വിളിച്ചുവെന്നും അൻസിബ ഹസൻ ആരോപിച്ചു. ഇതിനെ തുടർന്നാണ് താൻ അമ്മ യുടെ ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ചതെന്നും അൻസിബ വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം രംഗത്തെത്തി. സംഘടനയിലെ പരിപാടികളിൽ വാക്കുതർക്കങ്ങൾ സാധാരണമാണെന്നും, ഒരു അംഗത്തിനും മോശം സന്ദേശമോ അപമാനകരമായ പെരുമാറ്റമോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും ജിഹാദിയെന്ന് വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളിൽ പലരും മുസ്ലിം സമൂഹത്തിൽപ്പെട്ടവരാണെന്നും ടിനി ടോം പ്രതികരിച്ചു. സംഭവത്തിൽ സംഘടനയ്ക്കുള്ളിലും പുറത്തും ചർച്ചകൾ ശക്തമായിരിക്കുകയാണ്.






