ലഖ്നൗ: കാൻപൂരിൽ ചികിത്സാപ്പിഴവിനെ തുടർന്ന് ഐടിബിപി ജവാന്റെ അമ്മയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനം. പരാതി നൽകിയിട്ടും പ്രാഥമിക അന്വേഷണം പോലും നടത്താത്തതിനെതിരെ ഐടിബിപി ഉദ്യോഗസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തി.
മഹാരാജ്പൂരിലെ 32-ാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന ഐടിബിപി ജവാൻ വികാസ് സിങിന്റെ അമ്മ നിർമല ദേവി (56) മേയ് 13ന് ശ്വാസതടസ്സത്തെ തുടർന്ന് കാൻപൂരിലെ കൃഷ്ണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ഉണ്ടായ ഗുരുതരമായ പിഴവിനെ തുടർന്ന് ഒടുവിൽ ഇവരുടെ ഒരു കൈ മുറിച്ചുമാറ്റേണ്ടി വന്നു.
ആശുപത്രിക്കെതിരെ പലതവണ പരാതി നൽകിയിട്ടും പ്രാദേശിക പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് വികാസ് സിങിന്റെ ആരോപണം. നീതി തേടി അമ്മയുടെ മുറിച്ചുമാറ്റിയ കൈയുമായി രണ്ടുതവണ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രകോപിതരായ ഐടിബിപി ഉദ്യോഗസ്ഥർ സംഘം ചേർന്ന് കാൻപൂർ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തി പരാതി നൽകി. ആയുധധാരികളായ ജവാൻമാർ ഓഫീസ് വളഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇരു സേനകളും ഇത് നിഷേധിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയ ശേഷമാണ് കമ്മീഷണറെ കണ്ടതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ചീഫ് മെഡിക്കൽ ഓഫീസറുടെ കീഴിലുള്ള അന്വേഷണ സമിതി ആശുപത്രിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അന്വേഷണം സുതാര്യമല്ലെന്നും ജവാൻ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ്, ഐടിബിപി മെഡിക്കൽ ഉദ്യോഗസ്ഥർ, ചീഫ് മെഡിക്കൽ ഓഫീസർ നിർദേശിക്കുന്ന ഡോക്ടർമാർ എന്നിവർ ഉൾപ്പെടുന്ന സംയുക്ത അന്വേഷണ സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
സംഭവം ഉത്തർപ്രദേശ് സർക്കാരിന്റെ ഭരണപരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര സേനയ്ക്ക് പോലും സംസ്ഥാന സർക്കാരിനും പൊലീസിനും വിശ്വാസമില്ലാത്ത അവസ്ഥയാണിതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു.






