കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസ് (ഐ) നേതാവ് ടോമി കുരുവിളയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നായി മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആകെ 36 കൗൺസിലർമാരുള്ള നഗരസഭയിൽ 21 വോട്ടുകൾ നേടിയാണ് ടോമി കുരുവിള വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇ.എസ്. ബിജുവിന് (സി.പി.എം) 6 വോട്ടും, ബി.ജെ.പി പ്രതിനിധി വേണുഗോപാലിന് 7 വോട്ടും ലഭിച്ചു.
നഗരസഭ രൂപീകൃതമായ ശേഷം തുടർച്ചയായി മൂന്നാം തവണയും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടോമി കുരുവിള, ഇക്കുറി 26-ാം വാർഡായ കാരിത്താസിൽ നിന്നുമാണ് മികച്ച വിജയം നേടിയത്. അദ്ദേഹത്തിന്റെ ഭരണപരിചയവും ജനപ്രീതിയും നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകും.




