കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേസിൽ നിഹാദിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റൂറൽ സൈബർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. സുഹൃത്തുക്കൾ തന്നെ ചതിച്ചെന്നായിരുന്നു നിഹാദിന്റെ മൊഴി. ഇവരുമായുണ്ടായ തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് നിഹാദ് സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇതേത്തുടർന്ന് ആലുവ റൂറൽ പൊലീസ് കേസെടുക്കുകയായിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നിഹാദിന് നോട്ടീസ് നൽകി. ഇതിനിടെ ഒളിവിൽ പോയ നിഹാദിനെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇയാൾ ചോദ്യം ചെയ്യലിന് ഹാജരായി. പരാതികളുടെ പശ്ചാത്തലത്തിൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനലും നീക്കം ചെയ്തിരുന്നു.
അതേസമയം, നിഹാദും ഇയാളുടെ എം.ആർ.സെഡ് ഗ്യാങ്ങിലുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദ്, ഷമീർ എന്നിവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇരുവരും ഉന്നയിച്ചത്. നിഹാദ് എം.ഡി.എം.എ ഉപയോഗിച്ചെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തെന്നുമായിരുന്നു ആരോപണം. നിഹാദിന്റെ മുറിയിൽനിന്ന് കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്നും പണം നൽകി വിഷയം ഒതുക്കിയെന്നുമുള്ള ആരോപണങ്ങളും സുഹൃത്തുക്കൾ ഉന്നയിച്ചിരുന്നു.
ഇതിനിടെ, ലൈവ് സ്ട്രീമിനിടെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ നിഹാദിന്റെ സംഘത്തിലുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


