കോഴിക്കോട്: കണ്ണഞ്ചേരിയിൽ റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. കല്ലായി റോഡിലെ കണ്ണഞ്ചേരി ‘മുബസാന’യിൽ അഹമ്മദിന്റെ മകൻ ഫൈസാൻ (8) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 7.50 ഓടെയാണ് അപകടം നടന്നത്. കളിക്കാനായി അയൽവീട്ടിലേക്ക് പോകുന്നതിനിടെ യശ്വന്ത്പുർ– കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കുട്ടിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി മുന്നോട്ട് തെറിച്ച് പാളത്തിന്റെ മധ്യത്തിൽ വീണു. തുടർന്ന് ട്രെയിൻ കുട്ടിയുടെ മുകളിലൂടെ കടന്നുപോയതായി വിവരമുണ്ട്.
അപകടത്തിനു ശേഷം പാളത്തിൽ അബോധാവസ്ഥയിൽ കിടന്ന ഫൈസാനെ പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ടി. സുനിത, എസ്സിപിഒ കെ.സി. വിജേഷ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ കെ.കെ. ബൈജുരാജ്, കെ. അനൂപ്കുമാർ, എം. തീർഥ, ഹോംഗാർഡ് കെ. സന്തോഷ് എന്നിവർ ചേർന്ന് ഉടൻ രക്ഷപ്പെടുത്തി മീഞ്ചന്ത ഫയർഫോഴ്സിന്റെ ആംബുലൻസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം നിറഞ്ഞ അന്തരീക്ഷമാണ്.






