കണ്ണൂർ : ഇരട്ടിയിൽ രാസലഹരി വിൽപ്പനയ്ക്കായി തയ്യാറായിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇരട്ടി നരയൻപാറ സ്വദേശിയായ ഷമീറാണ് 8.266 ഗ്രാം മെത്താഫിറ്റാമിനുമായി അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തെരൂർ–കോടോളിപ്രം റോഡിലെ വെള്ളപറമ്പിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സിയാദ് എസ്.യുടെ നേതൃത്വത്തിലായിരുന്നു നടപടി. വിദേശ രാജ്യങ്ങളിലെ ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് ഷമീർ ഇടപാടുകൾ നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്ക് മുമ്പും മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായ അനുഭവമുണ്ടെന്നാണ് എക്സൈസ് അധികൃതരുടെ വിവരം.
പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരം കൈമാറിയ എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി.പി. സുഹൈലിനും പി. ജലീഷിനും നന്ദി രേഖപ്പെടുത്തി. പ്രതിയെ മട്ടന്നൂർ ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ വടകര എൻഡിപിഎസ് കോടതിയിലേക്ക് മാറ്റും.






