കൊച്ചി: കേരളത്തില്‍ 52 ദിവസം നീണ്ടുനിന്ന ട്രോളിങ് ഇന്ന് അവസാനിക്കും. ജൂലൈ 31 വ്യാഴാഴ്ച അര്‍ധരാത്രി ചങ്ങലപ്പൂട്ടുകള്‍ തുറക്കും. ട്രോളിങ് അവസാനിക്കാനിരിക്കെ അവസാനഘട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികള്‍. പ്രതീക്ഷയുടെ വള്ളങ്ങളുമായി അവര്‍ അര്‍ധരാത്രി മുതല്‍ കടലിലേക്ക് പോകും.
തൊഴിലാളികള്‍ എല്ലാം തന്നെ തങ്ങളുടെ മത്സ്യബന്ധന ബോട്ടുകളുടെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ്. രണ്ട് ദിവസം മുമ്പ് തന്നെ ബോട്ടുകളില്‍ ഐസ് നിറച്ച് തുടങ്ങി. ഐസ് മാത്രമല്ല, ഡീസല്‍, കുടിവെള്ളം എന്നിവയെല്ലാം ബോട്ടുകളില്‍ റെഡി.ജൂണ്‍ ഒന്‍പതിനാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്. അന്ന് ബോട്ടുകളില്‍ നിന്ന് അഴിച്ചുമാറ്റിയ വലകള്‍, ജിപിഎസ്, വാക്കിടോക്കി, വയര്‍ലെസ് സെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് സാമഗ്രകളും ഘടിപ്പിച്ചു. ബോട്ടിന്റെ പെയിന്റിങ് ജോലികളും പൂര്‍ത്തിയായി.






