വാഷിങ്ടൺ: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അമേരിക്കൻ ട്രംപ് ഭരണകൂടം പരസ്യ പ്രചാരണവുമായി രംഗത്തെത്തി. അമേരിക്കൻ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ ഇന്ത്യക്കാർ തട്ടിയെടുക്കുന്നു എന്ന പ്രമേയത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് യുഎസ് ലേബർ ഡിപ്പാർട്മെന്റ് പങ്കുവച്ചത്.
വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള പ്രോജക്റ്റ് ഫയർവാൾ എന്ന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ഈ നീക്കം വിദ്വേഷപരമായ പ്രചാരണത്തിലേക്ക് വളരുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കൻ തൊഴിലാളികൾക്ക് പകരം വിദേശികളെ നിയമിക്കുന്നത് തടയാനാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും, പ്രചാരണത്തിന്റെ ഉള്ളടക്കം ഇന്ത്യക്കാരെ നേരിട്ട് ലക്ഷ്യമിടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി വർധിപ്പിച്ചതിന് പിന്നാലെ, വിസ ഓട്ടോമാറ്റിക് റിന്യൂവൽ സൗകര്യം നിഷേധിക്കാനുള്ള തീരുമാനവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ആരംഭിച്ച പുതിയ പരസ്യ പ്രചാരണം വിവാദമായി മാറി.
കുറഞ്ഞ ശമ്പളത്തിൽ ടെക്നോളജി, എഞ്ചിനീയറിങ് മേഖലകളിൽ വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്ന പ്രവണത തടയാനാണിതെന്നു ഭരണകൂടം അവകാശപ്പെടുന്നു. എന്നാൽ, പരസ്യത്തിലെ ഭാഷയും ദൃശ്യങ്ങളുമെല്ലാം വിദ്വേഷവും വർഗ്ഗീയതയും വളർത്തുന്ന തരത്തിലാണെന്ന വിമർശനം ഉയരുന്നുണ്ട്.










