വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക അയവ് വന്നതോടെ റഷ്യ-ഉക്രെയ്ൻ യുദ്ധം വീണ്ടും ആഗോള രാഷ്ട്രീയത്തിൽ മുൻനിര ചർച്ചാവിഷയമാക്കി ജി-7 ഉച്ചകോടി. റഷ്യൻ എണ്ണക്കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഇളവുകൾ പിൻവലിക്കാനും ഉപരോധം ശക്തമാക്കാനും അമേരിക്ക തയാറെടുക്കുകയാണെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞു.
ഫ്രാൻസിലെ എവിയാനിൽ ജി-7 ഉച്ചകോടിയുടെ ഇടവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് തന്റെ അടുത്ത നീക്കം വെളിപ്പെടുത്തിയത്. ഹൊർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ ക്രൂഡ് വില നിയന്ത്രിച്ചു നിർത്താനായി നേരത്തെ റഷ്യൻ എണ്ണക്കപ്പലുകൾക്ക് നൽകിയ ഇളവുകൾ ഉടൻ തന്നെ പിൻവലിക്കാൻ യുഎസിന് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു.
ക്രൂഡ് ഓയിൽ വില നിശ്ചിത പരിധിയിൽ താഴാതെ നിർത്തുക എന്നത് എക്കാലത്തെയും അമേരിക്കൻ താൽപര്യമാണ്. തടസങ്ങൾ നീങ്ങിയതോടെ എണ്ണയുത്പാദക രാജ്യങ്ങൾ ഖനന പ്രവർത്തനങ്ങൾ സജീവമാക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ റഷ്യൻ എണ്ണ തടസമില്ലാതെ എത്തുക കൂടി ചെയ്യുന്നത് അമേരിക്കൻ എണ്ണ ലോബിയുടെ താത്പര്യങ്ങൾക്ക് തിരിച്ചടിയാവും എന്നതാണ് ട്രംപിന്റെ പ്രശ്നം.






