ദേശീയതലത്തിലെ പ്രധാന പരീക്ഷകൾ നടക്കുമ്പോഴെല്ലാം ‘ചോദ്യപേപ്പർ ചോർന്നു’ എന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് കാലമായി പതിവായിരുന്നു. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിലെ കോപ്പിയടിയും അതിന് പിന്നാലെ രാജ്യം വരെ ഇളക്കിയ സിജെപി പ്രതിഷേധവും അവസാനം ടെലഗ്രാം നിരോധനവും വരെ എത്തിനിൽക്കുകയാണ് കാര്യങ്ങൾ. കഷ്ടപ്പെട്ട് മാസങ്ങളോളം ഉറക്കമില്ലാതെ പഠിച്ച് എഴുതിയ പരീക്ഷ റദ്ദാക്കിയെന്ന വാർത്ത ഉൾക്കൊള്ളാനാകാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന നിലയിലാണ് ഇന്ന് കാര്യങ്ങൾ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതാകട്ടെ വൻകിട പരീക്ഷാ മാഫിയകളും. ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയാൻ ഒടുവിൽ പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമായ ടെലിഗ്രാമിന് തന്നെ ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് ഈ അടിയന്തര നടപടി.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) ശക്തമായ ശുപാർശയെത്തുടർന്ന്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഐടി ആക്ട് 2000-ലെ സെക്ഷൻ 69എ പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. പരീക്ഷാ ദിവസവും അതിന് തൊട്ടടുത്ത ദിവസവും ഉൾപ്പെടുന്ന ജൂൺ 22 വരെയാണ് ഈ രാജ്യാന്തര വിലക്ക്. എന്നാൽ, വെറുമൊരു ആപ്പ് നിരോധിച്ചതുകൊണ്ട് മാത്രം പരീക്ഷാ തട്ടിപ്പുകൾക്ക് പൂർണ്ണമായി വിരാമമിടാൻ കഴിയുമോ? എന്തുകൊണ്ടാണ് തട്ടിപ്പുകാർ ടെലിഗ്രാം തന്നെ തിരഞ്ഞെടുക്കുന്നത്? എൻടിഎ പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പരിശോധിക്കാം.
എന്താണ് ടെലിഗ്രാമിലെ ‘ടൈം സ്റ്റാമ്പ്’ തട്ടിപ്പ്?
ഉപയോക്താക്കൾ നേരത്തെ അയച്ച സനദേശങ്ങൾ പിന്നീട് തിരുത്താൻ സഹായിക്കുന്ന ‘മെസ്സേജ് എഡിറ്റിങ്’ ഫീച്ചറാണ് ഇവിടെ വില്ലനാകുന്നത്. ഈ ഫീച്ചർ ദുരുപയോഗം ചെയ്ത് ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന രീതിയെക്കുറിച്ച് എൻടിഎ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
വ്യാജ തെളിവ് നിർമ്മാണം: പരീക്ഷകൾ പൂർണ്ണമായി അവസാനിച്ചതിന് ശേഷം ചാനൽ അഡ്മിനിസ്ട്രേറ്റർമാർ അവരുടെ പഴയ സാധാരണ സന്ദേശങ്ങൾ എഡിറ്റ് ചെയ്യുന്നു.
ചോദ്യപേപ്പർ തിരുകിക്കയറ്റൽ: ഈ പഴയ സന്ദേശങ്ങളിലേക്ക് യഥാർത്ഥ ചോദ്യപേപ്പറോ അതിന്റെ പിഡിഎഫ് ഫയലുകളോ അവർ കൂട്ടിച്ചേർക്കും.
മാറാത്ത സമയക്രമം (Timestamp): ഇങ്ങനെ ചെയ്യുമ്പോൾ സന്ദേശം ആദ്യമയച്ച കൃത്യമായ സമയവും തീയതിയും മാറാതെ നിലനിൽക്കും.
ഫലത്തിൽ, പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പർ ചോർന്നു എന്ന് വരുത്തിത്തീർക്കാനുള്ള വ്യാജ തെളിവുകളായി ഇവർ ഈ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. ഈ ഭീഷണി പൂർണ്ണമായി ഒഴിവാക്കാൻ സന്ദേശങ്ങൾ തിരുത്താനുള്ള ഫീച്ചറിന് ജൂൺ 30 വരെ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ലക്ഷങ്ങൾ കവരുന്ന വ്യാജ ചാനലുകൾ
കഴിഞ്ഞ കുറച്ചു ആഴ്ചകളായി “പേപ്പർ ലീഡ് നീറ്റ്”, “റീ-നീറ്റ് 2026”, “പ്രൈവറ്റ് മാഫിയ” തുടങ്ങിയ പേരുകളിൽ നിരവധി വ്യാജ ചാനലുകളാണ് ടെലിഗ്രാമിൽ സജീവമായിരുന്നത്. പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘങ്ങൾ തട്ടിയെടുത്തത്. എന്നാൽ സുരക്ഷിതമായ പരീക്ഷാ ശൃംഖലയ്ക്ക് പുറത്ത് ചോദ്യപേപ്പറുകൾ ലഭ്യമല്ലെന്നും ഇത്തരം വാഗ്ദാനങ്ങൾ പൂർണ്ണമായും തട്ടിപ്പാണെന്നും എൻടിഎ ആവർത്തിച്ചു വ്യക്തമാക്കുന്നു.
രാജ്യവ്യാപകമായി പോലീസ് നടപടി
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) നേതൃത്വത്തിൽ ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ച് നിരവധി വ്യാജ ചാനലുകളും ബോട്ടുകളും ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. ബീഹാറിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ജൂൺ 9-ന് വിദ്യാർത്ഥികൾക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഗുജറാത്തിൽ അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ എട്ടോളം ടെലിഗ്രാം ചാനലുകൾ വഴി 1.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അന്തർസംസ്ഥാന സൈബർ സംഘത്തെ അറസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ ആയിരത്തോളം മൊബൈൽ നമ്പറുകളിലാണ് ഇവർ ബന്ധപ്പെട്ടത്.
ടെലിഗ്രാമിന് ഏർപ്പെടുത്തിയ ഈ താൽക്കാലിക വിലക്ക് ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപയോക്താക്കൾക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യം എൻടിഎ സമ്മതിക്കുന്നുണ്ട്. എന്നാൽ ചാനലുകൾ ഓരോന്നായി ബ്ലോക്ക് ചെയ്യുന്നതിനേക്കാൾ പരീക്ഷാ സുതാര്യത ഉറപ്പാക്കാൻ പ്ലാറ്റ്ഫോം തലത്തിൽ താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തുക എന്നത് മാത്രമായിരുന്നു അവസാന മാർഗ്ഗമെന്ന് ഏജൻസി പറയുന്നു.
ജൂൺ 22ന് ശേഷം സാധാരണ സന്ദേശങ്ങൾ അയക്കുന്നതിനോ സ്വീകരിക്കുന്നതിനോ യാതൊരു തടസ്സവുമുണ്ടാകില്ല. ജൂൺ 21ന് നിശ്ചയിച്ചിരിക്കുന്ന നീറ്റ്പരീക്ഷ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ തടസ്സമില്ലാതെ നടക്കുമെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളും മാതാപിതാക്കളും വീണുപോകരുതെന്നും ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും എൻടിഎ ഓർമ്മിപ്പിക്കുന്നു.






