വാഷിങ്ടൺ: വിലക്കയറ്റം രൂക്ഷമമായതിനെ നിരവധി ഇറക്കുമതി ഉൽപ്പന്നങ്ങളിലെ തീരുവ ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വില വർധിച്ച ബീഫ്, കാപ്പി, തക്കാളി, പഴവർഗങ്ങൾ, തേയിൽ, കൊക്കോ, മസാലകൾ, ചില വളങ്ങൾ എന്നിവയുള്‍പ്പെടുന്ന ഉൽപ്പന്നങ്ങളിലാണ് തീരുവ കുറവ് വരുത്തിയത്.
വില കുതിച്ചുയർന്നതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലുണ്ടായ ജനപ്രതിഷേധങ്ങളും ന്യൂയോർക്ക്, വെർജീനിയ, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടികളുമാണ് ട്രംപിനെ നയപരിഷ്കാരത്തിലേക്ക് നിര്‍ബന്ധിതനാക്കിയത്.
അവശ്യവസ്തുക്കളുടെ വിലക്കയറ്റം അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായിരുന്നു. വിലവർധനയ്‌ക്ക് കാരണമായത് ബൈഡൻ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളാണെന്ന് ട്രംപ് നിരന്തരം ആരോപിച്ചു. ബ്രസീൽ, ഇക്വഡോർ, ഗ്വാട്ടമാല, എൽസാൽവഡോർ, അർജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോഴത്തെ തീരുവയിളവിൽ ഏറ്റവും കൂടുതൽ പ്രയോജനം നേടുന്നത്.
ഇന്ത്യ–യു.എസ്. വ്യാപാരകരാർ ചർച്ചകൾ അവസാനഘട്ടത്തിലാണ്. കരാർ അന്തിമരൂപം പ്രാപിച്ചാൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിലെ തീരുവയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
യു.എസ്.യിൽ ഇറക്കുമതി നടത്തുന്ന എല്ലാ രാജ്യങ്ങൾക്കും 10 ശതമാനം അടിസ്ഥാന നികുതി ചുമത്തുകയും, ഇതിനുപുറമെ ഓരോ രാജ്യത്തെയും ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്ത തോതിൽ അധിക തീരുവയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തീരുവ നയം പരിഷ്കരിക്കാതിരുന്നാൽ വിലക്കയറ്റം കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ നൽകിയിട്ടുണ്ട്.










