ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരിച്ചു. ഝലാരിയ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഭഗീരഥ് എന്ന ബാലനാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടി ഏകദേശം 60-65 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയത്. രാജസ്ഥാനിലെ പാലി ജില്ല സ്വദേശിയായ ആട്ടിടയൻ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്. കുടുംബം ആടുകളെ മേയിക്കുന്നതിനിടെ കുഴൽക്കിണറിന്റെ മൂടി മാറ്റിയപ്പോൾ കുട്ടി അബദ്ധത്തിൽ അകപ്പെടുകയായിരുന്നു.
വിവരം ലഭിച്ചതോടെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഏകദേശം 23 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.






