കൊച്ചി: എയ്ഡഡ്–സ്വാശ്രയ സ്വയംഭരണ കോളേജുകൾക്ക് സർക്കാർ അനുമതിയില്ലാതെ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ സംസ്ഥാനത്തും നടപ്പാക്കുകയാണെന്നും അവർ ആരോപിച്ചു.
ന്യൂജൻ കോഴ്‌സുകൾ ആരംഭിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും എന്നാൽ അതിന്റെ പേരിൽ സാധാരണക്കാരായ വിദ്യാർഥികൾക്ക് താങ്ങാനാകാത്ത ഫീസ് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആർ. ബിന്ദു പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ നിലവിലെ ഉത്തരവിലൂടെ എയ്ഡഡ് മേഖലയിൽ പരമ്പരാഗത കോഴ്‌സുകളും സ്വാശ്രയ മേഖലയിൽ പുതിയ കോഴ്‌സുകളും അനുവദിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അവർ വിമർശിച്ചു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അപലപനീയമാണെന്നും ആർ. ബിന്ദു കൂട്ടിച്ചേർത്തു.
സ്വാശ്രയ ലോബി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചതായി മനസ്സിലാക്കുന്നുവെന്നും നയമാറ്റത്തിന് പിന്നിലെ കാരണമെന്തെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, എയ്ഡഡ്–സ്വാശ്രയ സ്വയംഭരണ കോളേജുകൾക്ക് പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമല്ലാതാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ എൻഒസി ആവശ്യമായിരുന്നു. എന്നാൽ പുതിയ വ്യവസ്ഥ പ്രകാരം സ്വയംഭരണ കോളേജ് മാനേജ്‌മെന്റുകൾക്ക് സർക്കാർ അനുമതിയില്ലാതെ കോഴ്‌സുകൾ ആരംഭിക്കാം. ഇക്കാര്യം സർക്കാരിനെ അറിയിച്ചാൽ മതിയെന്നാണ് ഉത്തരവിലെ വ്യവസ്ഥ.
പുതിയ തീരുമാനത്തോടെ സ്വയംഭരണ കോളേജുകളിൽ കൂടുതൽ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ വഴിയൊരുങ്ങുമെങ്കിലും ഫീസ് വർധനയും ഉന്നത വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണവും സംബന്ധിച്ച ആശങ്കകൾ ശക്തമാകുകയാണ്.



