കേരള ജനത വിധിയെഴുതി കഴിഞ്ഞിട്ട് രണ്ട് ദിവസങ്ങള്‍ കഴിയുന്നു. കൂട്ടിയും കിഴിച്ചും കണക്കുകൂട്ടലുകളുടെ ലോകത്തിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. തങ്ങളുടെ ഉറച്ച വോട്ടുകളെ ഓരോ പാര്‍ട്ടിക്കും മുന്നണിക്കും നല്ല ബോധ്യമുണ്ടാകും. അതുപോലെ സമുദായ വോട്ടുകൡും ഒരു മിനിമം ഉറപ്പും കാണും. എന്നാല്‍ എല്ലാ പാര്‍ട്ടികളേയും ആകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രത്യേക വിഭാഗക്കാരുണ്ട് നമുക്ക് ചുറ്റും. ഇവര്‍ കുത്തുന്ന വോട്ടുകള്‍ ചിലപ്പോള്‍ ഭരണം തന്നെ മാറിമറിയിക്കാന്‍ കെല്‍പ്പുള്ളവയായിരിക്കും. നിര്‍ണ്ണായക സ്വാധീനമുള്ള ഇവര്‍ ആരാണ് എന്ന് നോക്കാം.
ഇവരില്‍ പലരെയും ഒന്ന് ചുറ്റും നോക്കിയാല്‍ നമുക്ക് കാണാം. ഞാന്‍ എന്തിനാണ് വോട്ട് ചെയ്യുന്നത്? ഞാന്‍ വോട്ടു ചെയ്താലും ഇല്ലെങ്കിലും ഇവിടെന്തെങ്കിലും സംഭവിക്കുമോ? നമ്മള്‍ പണിക്ക് പോയാല്‍ നമുക്ക് ജീവിക്കാം എന്നെല്ലാം കരുതുന്നവരാണ് ഇവര്‍. ഒറ്റ നോട്ടത്തില്‍ നിരുപദ്രവകാരികളെന്ന് തോന്നാമെങ്കിലും ഇത്തരക്കാരുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഇവരുടെ വോട്ടുകള്‍ വിധി നിര്‍ണയിക്കാന്‍ പോലും പോന്നതാണെന്ന് മനസിലാകും.
ഇതുവരെയുള്ള ഇലക്ഷന്‍ സര്‍വേകള്‍ പറയുന്നത് ഏകദേശം 10% ആളുകള്‍ ഈ വിഭാഗത്തില്‍ വരുന്നവരാണ് എന്നാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയോടോ മുന്നണിയോടോ താല്‍പര്യമോ കൂറോ ഇല്ലാത്ത ഒരു വിഭാഗം വോട്ടര്‍മാരാണ് അവര്‍. ഇത്തവണ ബാലറ്റില്‍ വീണ 78 ശതമാനം വോട്ടില്‍, എണ്ണത്തില്‍ കുറവാണെങ്കില്‍ പോലും, ഈ വിഭാഗക്കാര്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
ഇങ്ങനെ നിഷ്പക്ഷമായി നില്‍ക്കുന്ന ഫെന്‍സ് സിറ്റേഴ്‌സ് ( fence-sitters ) എന്നറിയപ്പെടുന്ന സ്വിങ് വോട്ടര്‍മാരുടെ സഹായം പിടിച്ചുപറ്റാനുള്ള ശ്രമങ്ങളായിരുന്നു അവസാന ദിവസങ്ങളിലേയും കൊട്ടിക്കലാശത്തിലേയും ബഹളങ്ങളിലൂടെ പാര്‍ട്ടികള്‍ നടത്തിയത്. തെരഞ്ഞെടുപ്പുകളിലെ ഫലം പലപ്പോഴും നിര്‍ണ്ണയിക്കുന്നത് ഇങ്ങനെ തീരുമാനമെടുക്കാന്‍ വൈകുന്നവരാണ്. കേരളത്തില്‍, ഉയര്‍ന്ന രാഷ്ട്രീയ ബോധവും വിജയത്തിലെ മാര്‍ജിനിലെ നേരിയ വ്യത്യാസങ്ങളും ഈ അവസാന നിമിഷ തീരുമാനം എടുക്കുന്നവരുടെ വോട്ട് നിര്‍ണായക ഘടകമാക്കി മാറ്റുന്നു എന്നാണ് പോളിങ് സംബന്ധിച്ച പഠനങ്ങള്‍ പറയുന്നത്.
കൂടുതല്‍ ശക്തമായ സന്ദേശങ്ങളും തന്ത്രപരമായ ഇടപെടലുകളും കൊണ്ടാണ് അവസാന മണിക്കൂറുകളില്‍ ഈ അനിശ്ചിത വോട്ടര്‍മാരെ മുന്നണികള്‍ സ്വാധീനിക്കുന്നത്. അത് ഒരുപക്ഷേ ഏതെങ്കിലും ഒന്നോ രണ്ടോ വാഗ്ദാനങ്ങളോ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവമോ എല്ലാം കൊണ്ടാകാം.
ഫെന്‍സ് സിറ്റേഴ്‌സിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
ഈ വോട്ടര്‍മാര്‍ പലപ്പോഴും അവരുടെ തീരുമാനമെടുക്കുന്നത് വോട്ടിങ്ങിന് തൊട്ടുമുമ്പുള്ള സമയത്തായിരിക്കും. അവസാന മണിക്കൂറിനുള്ളില്‍ അവരെടുക്കുന്ന തീരുമാനത്തെ ചില ഘടകങ്ങള്‍ സ്വാധീനിക്കുന്നു. വികാരങ്ങള്‍, സാമൂഹിക സൂചനകള്‍, അവസാനഘട്ട പ്രചാരണങ്ങള്‍ എന്നിവയാണ് പ്രധാനമായും ആ ഘടകങ്ങളെന്ന് പറയാം. നേരിയ ഭൂരിപക്ഷം ഉള്ള പല മണ്ഡലങ്ങളിലാണ് ഇക്കൂട്ടരുടെ പ്രാധാന്യം വര്‍ധിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച്ച നടന്ന കാര്യങ്ങള്‍ നോക്കിയാല്‍ ഇത് മനസ്സിലാകും.
ചൊവ്വാഴ്ച വൈകുന്നേരം പരമ്പരാഗതമായ ‘കൊട്ടിക്കലാശം’ കൊണ്ട് പ്രചാരണം ഔദ്യോഗികമായി അവസാനിച്ചെങ്കിലും, അതിന്റെ അലയൊലികള്‍ പോളിങ് ദിനം വരെ നീളുന്നതായിരുന്നു. അഴിമതി ആരോപണങ്ങളും, മുഖ്യമന്ത്രി പിണറായി വിജയനെ ”പോടാ മോനേ വിജയാ” എന്ന് വിളിച്ച രേവന്ത് റെഡ്ഢിയും അതിനെതിരെ ”ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്” എന്ന പ്രയോഗത്തിലൂടെ മറുപടി കൊടുത്ത മുഖ്യനുമെല്ലാം നടത്തിയതും ഈ ഫെന്‍സ് സിറ്റേഴ്‌സിനെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള നാടകീയ രംഗങ്ങളായിരുന്നു.
ചരിത്രപരമായി കാലങ്ങളേറെ കേരളം ശക്തമായ രണ്ട് മുന്നണി സംവിധാനങ്ങളിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാല്‍ സംസ്ഥാനം മുഴവനായിട്ടല്ലെങ്കിലും കുറേയേറെ മണ്ഡലങ്ങളില്‍ ഈ സ്വഭാവം മാറിയിട്ടുണ്ട്. ഒരു മൂന്ന് മുന്നണി രീതിയിലേക്ക് ഇവിടെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മൂന്നില്‍ അര് വേണമെങ്കിലും ജയിക്കാമെന്ന സ്ഥിതിയുള്ള നേമം, വട്ടിയൂര്‍ക്കാവ് പോലത്തെ മണ്ഡലങ്ങള്‍ അതിന് ഉദാഹരണമാണ്. ഇവിടങ്ങളിലെല്ലാം ഈ സ്വിങ് വോട്ടര്‍മാരുടെ തീരുമാനങ്ങള്‍ അത്രയേറെ നിര്‍ണായകമാകും.
സ്ഥിരമായി ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ വോട്ട് ചെയ്യാത്ത ”ഫ്‌ലോട്ടിങ്” വോട്ടര്‍ തെരഞ്ഞെടുപ്പിനോട് അടിസ്ഥാനപരമായി മുഖംതിരിച്ചു നില്‍ക്കുന്നയാളാവണമെന്നില്ല. മറിച്ച്, കൂടുതല്‍ സൂക്ഷ്മമായ വിലയിരുത്തലിലൂടെ തീരുമാനമെടുക്കുന്ന വ്യക്തികളായിരിക്കും പൊതുവെ ഇവര്‍. പലപ്പോഴും ഭരണകക്ഷിയുടെ പ്രകടനവും പ്രതിപക്ഷത്തിന്റെ വാഗ്ദാനങ്ങളും താരതമ്യം ചെയ്യുന്നതിനായി തീരുമാനം വൈകിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ നിലപാടുകള്‍ വ്യക്തമാക്കുന്ന പ്രയോഗങ്ങളും സന്ദേശങ്ങളും നാടകീയതയും നിര്‍ണ്ണായകമായി മാറുന്നത്.
ഇവര്‍ എങ്ങനെ വോട്ട് ചെയ്യുമെന്ന്് പ്രവചിക്കുക എളുപ്പമായിരിക്കില്ല. വ്യക്തമായൊരു ട്രെന്‍ഡ്, അല്ലെങ്കില്‍ ഏതെങ്കിലും ഭാഗത്തേക്ക് ശക്തമായൊരു ഒഴുക്ക് ഉണ്ടെങ്കില്‍ ഇവര്‍ ഒരുപക്ഷേ അങ്ങോട്ട് തിരിയാന്‍ സാധ്യത കൂടുമെന്ന് മാത്രം. അങ്ങനെ നോക്കിയാല്‍ എല്ലാ മുന്നണികള്‍ക്കും ഇത്തവണ സാധ്യതയുണ്ട്. ഭരണവിരുദ്ധ വികാരം ഇവരെ സ്വാധീനിക്കാം, അവസാന നിമിഷം കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സ്വാധീനിക്കാം, ശോഭ സുരേന്ദ്രനെതിരെ വന്നതുപോലെയുള്ള വലിയ ബോംബ്‌ഷെല്‍ വെളിപ്പെടുത്തലുകള്‍ സ്വാധീനിക്കാം… അങ്ങനെ പോകുന്നു ഘടകങ്ങള്‍.
അടിസ്ഥാനപരമായി രാഷ്ട്രീയത്തോടുള്ള വിരക്തിയല്ല, മറിച്ച് അതീവ സൂക്ഷ്മമായ വിലയിരുത്തലാണ് ഈ സ്വിങ് വോട്ടര്‍മാരെ വ്യത്യസ്തരാക്കുന്നത്. ഭരണപക്ഷത്തിന്റെ പ്രവര്‍ത്തനവും പ്രതിപക്ഷത്തിന്റെ വാഗ്ദാനങ്ങളും തൂക്കിനോക്കി അവസാന നിമിഷം അവര്‍ എടുക്കുന്ന തീരുമാനം പലപ്പോഴും രാഷ്ട്രീയ പ്രവചനങ്ങളെ കാറ്റില്‍ പറത്താറുണ്ട്. ഇത്തവണയും ഭരണവിരുദ്ധ വികാരമാണോ, അഴിമതി ആരോപണങ്ങളാണോ, അതോ വികസനത്തുടര്‍ച്ചയാണോ ഇവരെ സ്വാധീനിച്ചതെന്ന് മെയ് മാസത്തിലെ ഫലപ്രഖ്യാപനം വരുമ്പോള്‍ വ്യക്തമാകും.




