തിരുവനന്തപുരം: വീട്ടമ്മയുടെ മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച് മാലപ്പൊട്ടിക്കാനുള്ള ശ്രമം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര സ്വദേശികളായ അൽ അസർ, നൗഷാദ് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
മുണ്ടേല സ്വദേശിയായ സുലോചനയുടെ മാലയാണ് ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്. വീട്ടിലേക്കു പോകാൻ നെടുമങ്ങാട്ട് കാത്തുനിന്നിരുന്ന സുലോചനയോട്, മുണ്ടേലയിലേക്കാണെന്ന് പറഞ്ഞ് ഇവർ ഓട്ടോയിൽ കയറ്റി. പിന്നാലെ കൊക്കോതമംഗലത്ത് എത്തിയപ്പോൾ സുലോചനയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു.
സുലോചനയുടെ നിലവിളി കേട്ട് നാട്ടുകാർ ഇടപെടുകയുണ്ടായി. ഇതോടെ നൗഷാദിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഓട്ടോ ഡ്രൈവർ അൽ അസർ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


