കേരളത്തില്‍ രണ്ട് വ്യാജ യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. വ്യാജ സര്‍വകലാശാലകളുടെ പട്ടിക വെളിപ്പെടുത്തി വിദ്യാര്‍ത്ഥികളെ രക്ഷിക്കാനും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ ഇന്നലെ ലോക്സഭയില്‍ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. 2014നും 2024നും ഇടയില്‍ 12 വ്യാജ സര്‍വകലാശാലകള്‍ പൂട്ടിയതായും മന്ത്രി പറഞ്ഞു.
പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലത്തുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിന്‍ ആണ് ഇപ്പോള്‍ വ്യാജ സര്‍വകലാശാലയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ കേരളത്തില്‍ നിന്ന് ഒരു സര്‍വകലാശാല മാത്രമാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്.
രാജ്യത്ത് ആകെ 21 വ്യാജ സര്‍വകലാശാലകളാണുള്ളത്. ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകള്‍ ഡല്‍ഹിയിലാണ്. രാജ്യ തലസ്ഥാനത്തെ എട്ട് വ്യാജ സര്‍വകലാശാലകളാണ് പട്ടികയിലുളളത്.
ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാനുള്ള നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരം സര്‍വകലാശാലകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുന്നറിയിപ്പ് നോട്ടീസ് നല്‍കി.




