ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. സിരുമങ്ങാട് സ്വദേശികളായ ഗണേഷ് (17), ദക്ഷിണാമൂർത്തി (17) എന്നിവരാണ് മരിച്ചത്.
ക്രിക്കറ്റ് കളിച്ചതിന് ശേഷം പനനൊങ്ക് പറിക്കാനായി മരത്തിൽ കയറുന്നതിനിടെ അപകടം സംഭവിച്ചതായാണ് വിവരം. കുടുങ്ങിക്കിടന്ന പഴങ്ങൾ പുറത്തെടുക്കാൻ തോറ്റി ഉപയോഗിച്ചപ്പോൾ അതിന്റെ അറ്റത്ത് ഘടിപ്പിച്ചിരുന്ന അരിവാൾ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഇതോടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് തീ പടർന്നു.
തെറിച്ച് വീണ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




