കൊച്ചി: നഗരത്തെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വലിയ ലഹരി ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രമുഖ ലഹരി മരുന്ന് വ്യാപാരി കെവിൻ അറസ്റ്റിലായതോടെയാണ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചത്. കെവിൻ കെമിക്കൽ ഡ്രഗിന്റെ ഹോൾസെയിൽ വിതരണക്കാരനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കസ്റ്റമർ പട്ടികയിൽ ഡോക്ടർമാർ, സിനിമാ മേഖലയിലെ ആളുകൾ, ബിസിനസ്സുകാർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, അഭിഭാഷകർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കൊച്ചിയിലെ നൈറ്റ് പാർട്ടികളിലും ഡിജെ പാർട്ടികളിലും ലഹരിമരുന്ന് എത്തിക്കുന്ന പ്രധാന വിതരണക്കാരനായിരുന്നു കെവിൻ. മുൻപ് വിവാദമായ ‘വൈറ്റ് കോളർ ഡ്രഗ് പാർട്ടി’ കേസുമായി ബന്ധപ്പെട്ടും ഇയാളുടെ പേര് പുറത്തുവന്നിരുന്നു. കെവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വലിയ ഇടപാടുകൾ നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. അറസ്റ്റിനിടെ ചില പ്രധാന ഇടപാടുകാരുടെ പേരുകളും കെവിൻ പോലീസിനോട് വെളിപ്പെടുത്തിയതായി അറിയുന്നു.
ഈ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ പേരുകൾ വരും ദിവസങ്ങളിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊച്ചിയിലെ ലഹരി മാഫിയയുടെ മുഴുവൻ ശൃംഖല കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്




