കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് 23 സീറ്റുകളിൽ 17-ഉം നേടി ആധികാരിക വിജയം ഉറപ്പിച്ചപ്പോൾ, കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം)-ന്റെ പിൻബലത്തിൽ ഭരണം നേടിയ എൽഡിഎഫിന് ആറ് സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തിനാണ് ഇതോടെ കനത്ത തിരിച്ചടിയേറ്റത്. ജനപക്ഷം ലയിച്ചിട്ടും കഴിഞ്ഞ തവണ ലഭിച്ച ഏക സീറ്റ് നിലനിർത്താൻ എൻഡിഎയ്ക്ക് സാധിച്ചില്ല.
കേരള കോൺഗ്രസ് എമ്മിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഘടകകക്ഷികൾക്ക് കഴിഞ്ഞ തവണ നൽകിയ രണ്ട് സീറ്റുകൾ തിരിച്ചെടുത്ത് 16 സീറ്റുകളിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർഥികളെ കളത്തിലിറക്കിയാണ് ഇത്തവണ മത്സരിച്ചത്. സീറ്റ് വിഭജന ചർച്ചകളിൽ 23-ൽ എട്ട് സീറ്റുകൾ കേരള കോൺഗ്രസിന് നൽകാമെന്ന് ധാരണയായിരുന്നെങ്കിലും ഒടുവിൽ ഒന്ന് തിരിച്ചെടുത്തു. മുസ്ലീം ലീഗിന് മുണ്ടക്കയം സീറ്റ് നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നെങ്കിലും അത് നൽകിയില്ല. മറുവശത്ത്, എൽഡിഎഫിലേക്കുള്ള മാണി വിഭാഗത്തിന്റെ വരവാണ് കഴിഞ്ഞതവണ ഭരണം ലഭിക്കാൻ കാരണമായതെന്ന വിലയിരുത്തലിൽ അർഹമായ പരിഗണന നൽകിയാണ് എൽഡിഎഫ് സീറ്റ് വിഭജനം നടത്തിയത്. അധികമായി ലഭിച്ച ഒരു സീറ്റിൽ പൊതു സ്വതന്ത്രനാണെങ്കിലും സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിൽ നിന്നായിരുന്നു. എന്നാൽ, ഈ പരീക്ഷണങ്ങൾക്കൊന്നും ഇത്തവണ ഫലം കണ്ടില്ല.
ജനപക്ഷം ലയിച്ചതോടെ ഷോൺ ജോർജിലൂടെ കഴിഞ്ഞ തവണ ആദ്യമായി ഒരു അംഗത്തെ ലഭിച്ച എൻഡിഎയ്ക്ക് ഇത്തവണ അത് നിലനിർത്താനായില്ല. പഴയ ജനപക്ഷത്തിന് സ്വാധീനമുള്ള പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര മേഖലകളിലെ സഹായം ലഭിക്കുമെന്ന വിലയിരുത്തലിലായിരുന്നു എൻഡിഎ. മത്സരരംഗത്തുണ്ടായിരുന്ന പുതുമുഖങ്ങളും വനിതകളും ഉൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടു.
ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഭരണം യുഡിഎഫിന്റെ കൈപ്പത്തിയിൽ ഭദ്രമായിരുന്നു. 2020-ലെ തിരഞ്ഞെടുപ്പിലാണ് കേവല ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ആദ്യമായി ജില്ലാ പഞ്ചായത്തിൽ ഭരണത്തിലെത്താൻ സാധിച്ചത്. ഇതിനുമുമ്പ് 2005-ൽ ഉപതിരഞ്ഞെടുപ്പിൽ സിപിഐ വിജയിച്ചപ്പോൾ കെ.പി. സുഗുണൻ പ്രസിഡന്റായി ചുരുങ്ങിയ കാലയളവിൽ എൽഡിഎഫിന് ഭരണം ലഭിച്ചിരുന്നു. 2015-20 ടേമിന്റെ അവസാനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തെച്ചൊല്ലി കേരള കോൺഗ്രസ് മാണി-ജോസഫ് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് മാണി വിഭാഗത്തെ എൽഡിഎഫിലേക്ക് അടുപ്പിച്ചത്. ഇതോടെയാണ് യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ഇടത്തേക്ക് ചാഞ്ഞത്.






