മലപ്പുറം: ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമാണത്തിനായുള്ള ഗർഡർ സ്ഥാപിക്കൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച അർധരാത്രിയോടെ മണ്ണുമാന്തി ഉൾപ്പെടെയുള്ള യാന്ത്രിക സഹായത്തോടെ തൊഴിലാളികൾ 13 ടൺ ഭാരമുള്ള ഗർഡർ പാളത്തിനടിയിൽ സ്ഥാപിച്ചു.
പാളത്തിനടിയിലെ മണ്ണ് നീക്കുന്നതിനിടെ പാളം തെന്നിമാറാതിരിക്കാനാണ് ഗർഡർ സ്ഥാപിച്ചത്. ഗർഡറിന് മുകളിൽ സ്ഥാപിച്ച താൽക്കാലിക പാളത്തിലൂടെ രണ്ടു മുതൽ മൂന്ന് ദിവസം വരെ തീവണ്ടി ഓടിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമെ അടിപ്പാത നിർമ്മാണത്തിനായുള്ള മണ്ണ് നീക്കം ആരംഭിക്കുകയുള്ളൂ.
മണ്ണ് പൂർണമായി നീക്കം ചെയ്ത ശേഷം, മാസങ്ങൾ മുമ്പ് കോൺക്രീറ്റ് ചെയ്ത ബ്ലോക്കിനെ ആ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുന്നതോടെ അടിപ്പാത നിർമാണത്തിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകും.






