വാഷിങ്ടൺ: അർജന്റീന, ഇക്വഡോർ, എൽസാൽവഡോർ, ഗ്വാട്ടിമാല എന്നിവരുമായി പുതിയ വ്യാപാരബന്ധം സ്ഥാപിക്കാൻ അമേരിക്ക മുന്നോട്ട്. ഇതുസംബന്ധിച്ച കരാർ തയ്യാറായതായി ട്രംപ് ഭരണകൂടം അറിയിച്ചു.
രണ്ടാഴ്ചയ്ക്കകം കരാറിൽ ഒപ്പുവെക്കാനാണ് നീക്കം. അമേരിക്കൻ കാർഷിക-വാണിജ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. താരിഫ് ഒഴികെയുള്ള വ്യാപാരതടസ്സങ്ങൾ കുറയ്ക്കൽ, അമേരിക്കയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവ്, യുഎസ് കമ്പനികളിൽ ഡിജിറ്റൽ സേവന നികുതി ചുമത്താതിരിക്കുന്നത് തുടങ്ങിയ നിർദേശങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ നിന്നുള്ള തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ താരിഫ് ഇളവും ലഭിക്കും. ജൂലൈയിൽ പ്രഖ്യാപിച്ച താരിഫ് ചട്ടങ്ങൾ പ്രകാരം അർജന്റീന, എൽസാൽവഡോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 10 ശതമാനവും, അമേരിക്കൻ വ്യാപാരക്കമ്മിക്ക് നാശം വരുത്തുന്നുവെന്ന് ആരോപിച്ച ഇക്വഡോർ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനവും തീരുവ ചുമത്തി വരികയായിരുന്നു.










