വാഷിംഗ്ടൺ: ഇറാനിൽ നടത്തിയ ആക്രമണം അമേരിക്ക-ഇസ്രയേൽ സംയുക്ത നീക്കമെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ അമേരിക്കൻ സൈന്യം വലിയ തോതിലുള്ള സംയുക്ത ആക്രമണം ആരംഭിച്ചെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഈ സൈനിക നീക്കമെന്നാണ് ട്രംപിൻറെ വാദം. ഇറാനെതിരായ ഇസ്രയേൽ – അമേരിക്കൻ സംയുക്ത സൈനിക നടപടി പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രയേലിൽ നിന്നാണ് ഇറാനിലേക്ക് വ്യോമാക്രമണം നടത്തിയത്. വലിയ തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണമായിരുന്നെന്ന് ഇസ്രയേലും സ്ഥിരീകരിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളോടാണ് ഇസ്രയേൽ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ്രയേലാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും അമേരിക്കയുടെ ശക്തമായ പിന്തുണയോടെ നടത്തിയ ആക്രമണമാണെന്നുമാണ് റിപ്പോർട്ടുകൾ.






