ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾക്കായി യു.എസ് ഡെപ്യൂട്ടി വ്യാപാര പ്രതിനിധി റിക് സ്വിറ്റ്സർ ഇന്ന് ഇന്ത്യയിലെത്തുന്നു. അദ്ദേഹം ഇന്ത്യൻ പ്രതിനിധി രാജേഷ് അഗർവാളുമായി രണ്ടു ദിവസമായി വ്യാപാരവുമായി ബന്ധപ്പെട്ട മുഖ്യ വിഷയങ്ങൾ പരിശോധിക്കും.
ഇന്ത്യൻ ഉൽപന്നങ്ങളിലെ 25% ഇറക്കുമതി തീരുവയും അധിക പിഴയും സംബന്ധിച്ച പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായുള്ള യു.എസ് പ്രതിനിധികളുടെ രണ്ടാം സന്ദർശനമാണിത്. സമഗ്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആറു ഘട്ട ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തുടർച്ചയായ നാലാം വർഷവും യു.എസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി തുടരുന്നു.










