കോട്ടയം: നഗരസഭയുടെയും പൊതുജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈക്കം കായലോര ബീച്ച് മൈതാനത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബീച്ചും പരിസരവും കാടുപിടിച്ചു കിടന്നത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു എന്ന പരാതിയെത്തുടർന്നാണ് നഗരസഭ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തിന് മുൻകൈ എടുത്തത്. നഗരസഭാ കവാടത്തിൽ നിന്നും പണിയായുധങ്ങളുമായി പ്രകടനമായാണ് സന്നദ്ധ പ്രവർത്തകർ ബീച്ചിലേക്ക് നീങ്ങിയത്. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നിർവഹിച്ചു.
ഏഴൂറിലധികം പേർ അണിനിരന്ന വലിയൊരു ജനകീയ മുന്നേറ്റത്തിനാണ് കായലോരം സാക്ഷ്യം വഹിച്ചത്. നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകർമസേന എന്നിവർക്കൊപ്പം റെസിഡൻസ് അസോസിയേഷനുകളും സാംസ്കാരിക പ്രവർത്തകരും വിദ്യാർഥികളും സജീവമായി പങ്കെടുത്തു.
ബോട്ട് ജെട്ടി മുതൽ ബീച്ച് മൈതാനം വരെയുള്ള ഭാഗങ്ങളിലെ മാലിന്യങ്ങളും കാടുകളും നീക്കം ചെയ്തു. കൈകൊണ്ട് വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളിൽ യന്ത്രസഹായവും തേടിയിട്ടുണ്ട്. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വെള്ളിയാഴ്ചയും ശുചീകരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.




