കോട്ടയം: തകർന്നു കിടക്കുന്ന റോഡിലെ പൊടിശല്യം കാരണം പൊറുതിമുട്ടിയ വെട്ടിപ്പറമ്പ് നിവാസികൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങി. മാസങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്ന റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മാസ്കുകളും ചുമമരുന്നും വിതരണം ചെയ്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റോഡിലെ കനത്ത പൊടിപടലങ്ങൾ കാരണം പ്രദേശവാസികൾക്കും യാത്രക്കാർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്.
റോഡ് പണി പാതി വഴിയിൽ നിലച്ചതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി സമീപത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് മാസ്കും മരുന്നും നൽകി അധികൃതരെ പരിഹസിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. പ്രതിഷേധ പരിപാടിയിൽ നിരവധി യുവാക്കളും വയോധികരും പങ്കെടുത്തു. റോഡ് ഉടൻ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.






