കൊച്ചി: ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 തീയതികളിൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം. രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെയാണ് നിയന്ത്രണങ്ങൾ നിലവിലുണ്ടാകുക.
ദേശീയപാത 544-ൽ കളമശ്ശേരി എസ്.സി.എം.എസ് ജംഗ്ഷൻ മുതൽ കളമശ്ശേരി ടി.വി.എസ് ജംഗ്ഷൻ വരെയും, മെഡിക്കൽ കോളേജ് റോഡിൽ എച്ച്.എം.ടി ജംഗ്ഷൻ മുതൽ തോഷിബ ജംഗ്ഷൻ വരെയും ഗതാഗത നിയന്ത്രണമുണ്ടാകും. സീപോർട്ട്–എയർപോർട്ട് റോഡിൽ തോഷിബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള ഭാഗത്തും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെ ആലുവയിൽ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടും.
ആലുവ പറവൂർ കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് യു.സി. കോളേജ് ജംഗ്ഷനിലെത്തണം. തുടർന്ന് ഇടത്തോട്ട് തിരിഞ്ഞ് കടുങ്ങല്ലൂർ–മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി ചേരാനല്ലൂർ ജംഗ്ഷൻ വഴി ദേശീയപാത 66-ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് യാത്ര തുടരാം.
പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി തുടങ്ങിയ മേഖലകളിൽ നിന്ന് തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പള്ളിക്കര–കരിമുകൾ–അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജംഗ്ഷനിലെത്തി തുടർന്ന് യാത്ര തുടരേണ്ടതാണ്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വഴിയോര കച്ചവടങ്ങൾ നടത്തുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്.
കളമശ്ശേരി എസ്.സി.എം.എസ് ജംഗ്ഷൻ മുതൽ ടി.വി.എസ് ജംഗ്ഷൻ വരെയുള്ള റോഡ്, കളമശ്ശേരി എച്ച്.എം.ടി റോഡ്, മെഡിക്കൽ കോളേജ് റോഡ്, തോഷിബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള സീപോർട്ട്–എയർപോർട്ട് റോഡ്, ചിത്രപ്പുഴ പാലം വഴിയുള്ള റോഡുകൾ എന്നിവ നോ-പാർക്കിംഗ് പരിധിയിൽ ഉൾപ്പെടും.
യാത്രക്കാർ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.











