ചെന്നൈ:തമിഴ്നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയമായ കുതിച്ചുചാട്ടം നടത്തി മുഖ്യമന്ത്രി പദത്തിലെത്തിയ നടൻ വിജയിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സൂപ്പർ താരം രജനികാന്ത് നൽകിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനികാന്തിനോട് വിജയിന്റെ രാഷ്ട്രീയ ഉയർച്ചയെയും മുഖ്യമന്ത്രിയായതിനെയും കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ, മറുപടി നൽകുന്നതിന് പകരം കൈകൂപ്പി പുഞ്ചിരിച്ചുകൊണ്ട് നിശബ്ദനായി നടന്നുപോവുകയാണ് അദ്ദേഹം ചെയ്തത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ വൈറലായതോടെ ആരാധകർക്കിടയിൽ ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങൾ ആരംഭിച്ചു.
SUPERSTAR @Rajinikanth smiled and stayed silent when asked about Vijay becoming Chief Minister . pic.twitter.com/6YDP9uIE1T
— Let's X OTT GLOBAL (@LetsXOtt) May 12, 2026
രജനികാന്തിന്റെ ഈ മൗനത്തെ ചിലർ അദ്ദേഹത്തിന്റെ പക്വതയായി കാണുമ്പോൾ മറ്റു ചിലർ ഇതിൽ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. മാധ്യമങ്ങൾ ചോദ്യങ്ങൾ വളച്ചൊടിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് രജനി ബോധപൂർവ്വം ഒഴിഞ്ഞുമാറിയതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. പലപ്പോഴും നിശബ്ദതയാണ് ഏറ്റവും വലിയ ആയുധമെന്നും അനാവശ്യ വിവാദങ്ങളിലേക്ക് രജനികാന്തിനെ വലിച്ചിഴയ്ക്കരുതെന്നും ആരാധകർ കുറിച്ചു. 75 വയസ്സായ അദ്ദേഹത്തിന്റെ പ്രായത്തെയും വ്യക്തിത്വത്തെയും ബഹുമാനിക്കണമെന്നും മറ്റു താരങ്ങളെപ്പോലെ വിജയിയുടെ രാഷ്ട്രീയ നിലപാടുകളെ അദ്ദേഹം എവിടെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.
അതേസമയം, വിമാനത്താവളത്തിൽ മൗനം പാലിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ വിജയിയെ രജനികാന്ത് ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. തമിഴക വെട്രി കഴകത്തിന്റെ ഉജ്ജ്വല വിജയത്തിൽ വിജയിയെയും പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിപ്പും പങ്കുവെച്ചിരുന്നു. ഇതിന് “സൂപ്പർ സ്റ്റാറിന്റെ സ്നേഹനിർഭരമായ ആശംസകൾക്ക് നന്ദി” എന്ന് വിജയ് മറുപടിയും നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കമൽഹാസൻ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ടിടത്താണ് കന്നിയങ്കത്തിൽ തന്നെ വിജയ് തമിഴകം കീഴടക്കിയത് എന്നത് സിനിമാ-രാഷ്ട്രീയ ലോകത്തെ ഒരുപോലെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.






