കോഴിക്കോട് : കോഴിക്കോട് കല്ലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിനീഷ് വിദ്യാധരൻ മത്സരിക്കും. സി.പി.ഐ സ്വതന്ത്രനായി കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ മത്സരിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. ഗവാസ് അറിയിച്ചു.
നഗരാസൂത്രകനും കോഴിക്കോട് ലയൺസ് ക്ലബ്ബിന്റെ മുൻ ദക്ഷിണ കേരള ഗവർണറുമാണ് വിനീഷ്. മുൻ മേയർ ഒ. രാജഗോപാലിന്റെ സഹോദരൻ ഒ. പ്രശാന്ത് ആയിരുന്നു ഇവിടെ സ്ഥാനാർത്ഥി. സംവിധായകൻ വി.എം. വിനുവിനെ കല്ലായിൽ മത്സരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതോടെ സ്ഥാനാർത്ഥിയെ മാറ്റാൻ സി.പി.എം ജില്ലാ നേതൃത്വം സി.പി.ഐയോട് ആവശ്യപ്പെട്ടു. അതിനെതിരെ പ്രാദേശികതലത്തിൽ എതിർപ്പുണ്ടായെങ്കിലും സി.പി.ഐ സ്വതന്ത്രനായി വിനീഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം അയഞ്ഞു.






