റിയാദ്: സൗദി കിരീടാവകാശിയുടെ ചിത്രം ഇനി വെെറൽ ഇമോജി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വൈറൽ ചിത്രമാണ് ഇനി ഇമോജിയാകുന്നത്. നെഞ്ചിൽ കൈ വെച്ച് കൊണ്ടുള്ളതാണ് പുതിയ ഇമോജി. ഈ ഇമോജി സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം സൗദി സോഫ്റ്റ്വെയർ എഞ്ചിനീയർ അലി അൽ മുതൈരി യൂണികോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയിലെത്തിയപ്പോഴാണ് സിറിയക്ക് മേലുള്ള ഉപരോധം പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഈ സമയത്ത് ട്രംപിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഹമ്മദ് ബിൻ സൽമാൻ തന്റെ ഇരുകൈകളും നെഞ്ചിൽ ചേർത്തുവെച്ചിരുന്നു.
ഈ പ്രതികരണമാണ് ഏവരുടെയും ശ്രദ്ധ നേടിയത്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്. ഇതോടെയാണ് ഈ ചിത്രത്തിൽ നിന്നും പുതിയ ഇമോജി സൃഷ്ടിക്കുന്നത് സംബന്ധിച്ച ആശയം വന്നത്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ഇത്.






